Saturday, December 12

ഒരു ആന കാര്യംവർഷങ്ങൾക്കു ശേഷമാണു..... കഴിഞ്ഞ കൊല്ലം.... ത്രിശൂർ പൂരത്തിന്റെ തിരക്കിൽ ഒന്ന് അലിയാൻ കഴിഞ്ഞത്‌. ഇലഞ്ഞി തറ മേളത്തിന്റെ മേള കൊഴുപ്പിനു അവസ്സാനം.. തേക്കിൻ കാടിൽ നിന്നു നടുവിലാലിലേക്ക്‌ ഇറങ്ങി കൊണ്ടിരുന്ന എന്റെ അരികിലേക്ക്‌ ഒരു ആന ഇന്റിഗേറ്ററു ഇട്ടു വന്നു നിന്നു. അടുത്തുള്ള ചെറിയ ചാലും, വഴിയിലെ പൊരികച്ചവടക്കാരനെയും, ചാടി കടന്നു ഓടാൻ ചുവടു വെക്കുന്നതിന്റെ ഇടക്ക്‌ പിന്നിൽ നിന്നു ഒരു വിളിയുയർന്നു 'സുനിലേ....' ശബ്ദം അത്ര പരിചയം തോന്നിയില്ലെങ്കിലും ഓടാൻ തുടങ്ങുന്നതിനു മുൻപു പേരു വിളിച്ച ഭാഗത്തേക്കു ഒന്നു തിരിഞ്ഞു നോക്കി.
.
ആനയുടെ കൊമ്പും പിടിച്ചൊരാൾ ചിരിച്ചു കൊണ്ടു നിൽക്കുന്നു. ഓർമ്മയിൽ പരതി മുഖം തിരിച്ചറിഞ്ഞു ' ഗോപി. ' പണ്ട്‌ നാലാ ക്ലാസ്സു വരെ ഒരുമിച്ചു പഠിച്ച ഒരു സഹപാഠി. ഊർമ്മിള ടീച്ചറെയും, പണിക്കരു മാഷെയും ഒരുപോലെ ഭയന്നു മുട്ടു കൂട്ടിയിടിച്ചുരുന്നവൻ, ഓല പമ്പരം കൊണ്ട്‌ കാറ്റിനെതിരെ ഒരുമിച്ചു ഓടിയവൻ... പക്ഷെ അധികകാലം ഉണ്ടായിരുന്നില്ലാ ആ കൂട്ട്‌. അദ്ധ്യാപകരുടെ പഠിപ്പിന്റെ തീക്ഷ്ണതയിൽ പഠിക്കാനുള്ള അവന്റെ മനസ്സ്‌ കരിഞ്ഞുപോയി, അവൻ പഠിപ്പു നിർത്തി. തല്ല് കൊള്ളാനും ഗ്രിഹപാഠം എഴുതാനും യോഗമുള്ളതുകൊണ്ട്‌ ഞാൻ പിന്നെയും മുന്നോട്ട്‌ പോയി.
.
അന്നൊക്കെ സ്ക്കുളിലേക്കു പോവുമ്പോഴും വരുമ്പോഴും വിടിന്റെ അരികിലുള്ള പാടത്ത്‌ കുറെ ആടുകളുമായി ഗോപിയെ കാണുമായിരുന്നു. അപ്പോഴൊക്കെ തികഞ്ഞ ഒരു അസൂയയോടെ ഞാൻ അവനെ നോക്കി നിൽക്കുമായിരുന്നു. സർവ്വതന്ത്ര സ്വന്ത്രനായ്‌ അവൻ അങ്ങിനെ പാടത്ത്‌ തുമ്പികൾക്കൊപ്പം പറന്നു നടക്കുന്നുണ്ടാവും. എപ്പോഴെങ്കിലും ഞങ്ങൾ പരസപരം കണ്ടുമുട്ടുന്ന നിമിഷങ്ങളിൽ അവൻ ഊർമ്മിള ടീച്ചറെയും പണിക്കരു മാഷെയും പറ്റി ചോദിക്കും. അവരുടെ ചോദ്യം ചോദിക്കുന്നതിനെ പറ്റിയും, പെരുക്ക പട്ടിക എഴുത്തിനെ പറ്റിയും, സ്ഥിരമായ്‌ വാങ്ങിവെക്കാറുള്ള പുളിവാർലൽ അടിയെപറ്റിയും ചോദിക്കും. എല്ലാം പറഞ്ഞ്‌ അവന്റെ മുഖത്തേക്ക്‌ നോക്കുപ്പോൾ അടുത്തുനിൽക്കുന്ന ആടിനെ ഒന്നിനെ സ്നേഹം പൂർവ്വം തലോടി വളരെ ദയനീയമായ്‌ അവൻ എന്നെ നോക്കും എന്നിട്ടും മനസ്സിൽ പറയും " ആടിനെക്കാൾ കഷ്ടാ ഇവ്ന്റെ കാര്യം പാവം"
.
അങ്ങിനെ സ്ക്കുളിന്റെ വേദനയുമായ്‌ ഞാനും. പാടത്തു ആടുനോക്കുന്നതിന്റെ സുഖവുമായ്‌ അവനും ഇടക്കിടക്കു കാണാറുണ്ടായിരുന്നു...... വേദനകൾ പങ്കു വെയ്ക്കാറുണ്ടായിരുന്നു
.
അങ്ങിനെയിരിക്കെ ഒരു ദിവസം വെള്ളം കുടിക്കാനെന്ന ഭാവത്തിൽ വീടിന്റെ കിണറ്റുകരയിൽ വന്ന് അവൻ എന്നോട്‌ ഒരു രഹസ്യം പറഞ്ഞു. ആളില്ലാത്ത മന പറമ്പിൽ ഒരു ആനയെ കെട്ടിയിട്ടുണ്ട്‌ അടുത്തെങ്ങും ആരുമില്ലാ... അവന്റെ വർത്തമാനത്തിന്റെ രീതിയും മുഖത്തെ ഭാവവും കണ്ട്‌ ഇയുള്ളവൻ അറിയാതെ ചോദിച്ചു. 'എന്താ നീ അതിനെ അഴിച്ചു കൊണ്ടുപോവാൻ പോവുകയാണോ..?' 'അല്ലടാ നിനക്കു വേണമെങ്കിൽ വാ നമുക്ക്‌ പോയി കാണാം, ചിലപ്പോൾ ആനവാലും കിട്ടും.'
.
അവന്റെ തുടരെ തുടരെ യുള്ള വിവരണവും, നിർബന്ദ്ധവും, അടുത്തെങ്ങും ആരുമില്ലതെ ഒരു ആനയെ കാണുന്നതിന്റെ രസവും. മനസ്സിൽ നിറഞ്ഞപ്പോൾ ഒന്നു പോയാല്ലോന്ന് എനിക്കും തോന്നി. പക്ഷെ എങ്ങിനേ പോവും വീട്ടിൽ എങ്ങാനും അറിഞ്ഞാൽ ആനയെ തല്ലുപോലെ തല്ലും. വഴി അവനോടു തന്നെ ചോദിച്ചു. കൂട്ടം തെറ്റിയ ആടിനെ തൊളിക്കാൻ പോവുന്നതിന്റെ ഇടക്കു അവൻ വിളിച്ചു പറഞ്ഞു 'ആ നോക്കാം ഞാനിതാ വരുന്നു.'
.
കുറെ കഴിഞ്ഞപ്പോൾ അവൻ വന്നു.. കിണറ്റിൻ കരയിലെ ഇരുമ്പു തൊട്ടി തട്ടി മുട്ടി ശമ്പ്ദം മുണ്ടാക്കി എന്നെ അടുക്കള ഭാഗത്തേക്കു വിളിച്ചു. ഞാൻ അപ്പോൾ വീട്ടിൽ വിരുന്നു വന്ന അമ്മാവന്റെയും അമ്മായിടെയും അടുത്തു ചുറ്റിപറ്റി നിൽക്കുകയായിരുന്നു. പോകുന്ന പോക്കിൽ അവർക്കു കഴിക്കാൻ വെച്ചിരുന്ന കുറച്ചു മിച്ചറും ബിസ്ക്കറ്റു എടുത്ത്‌ പോക്കറ്റിലിട്ടു. കിണറ്റിൻ കരയിൽ ചെന്നു കുറച്ചു ഗോപിക്കും കൊടുത്തു.. അതു ചവച്ചരക്കുന്നതിന്റെ ഇടയിൽ അവൻ എന്നോടു ചോദിച്ചു 'ആരാ വിരുന്നുകാരു...... എന്തിനാ വന്നത്‌.. ?'
.
'അമ്മാവനും, അമ്മായിയുമാണു. അവരുടെ അമ്മായിയുടെ അമ്മയുടെ നാത്തുന്റെ മകളുടെ ഇളേമ്മയുടെ മരുമകളുടെ മകളുടെ കല്യാണമാന്നു അതിനു വിളിക്കാൻ വന്നതാ'
.
ഞാൻ അതു പറഞ്ഞു തീർന്നതും പറമ്പിന്റെ മൂലക്കുള്ള കാഞ്ഞിരമരത്തിന്റെ താഴെയുള്ള വേലിയുടെ പൊത്ത്‌ ചുണ്ടിക്കാട്ടി പറഞ്ഞു 'വാ ഇതു തന്നെ പറ്റിയ സമയം'.
.
പാടത്തു കാണാറുള്ള ചാണകവാലൻ കിളിയുടെ തലപോലെ അവനു, വാലു പോലെ ഞാനും. അങ്ങിനെ കാറ്റിൽ ഇളകിപറന്നു പാടത്തുകൂടെ മനപറമ്പിലേക്ക്‌ ഓടി.
.
അവിടെ ചെല്ലുപ്പോൾ ഒഴിഞ്ഞ പറബിൽ ഒരു തേക്കു മരത്തിനു താഴെ ഒരു വലിയ ആന ഇങ്ങിനെ ചെവിയാട്ടികൊണ്ട്‌.. ഗോപിക്ക്‌ മുൻപരിചയം ഉള്ളതുകൊണ്ടാവാം അവൻ കുറച്ചു കൂടെ അടുത്തു പോയി നിന്നു. മദം പാടുള്ള ആനയായതു കൊണ്ടാവാം ഒരു പട്ടതണ്ട്‌ എടുത്ത്‌ ഗോപിയുടെ തലയുടെ മുകളിലൂടെ ഒരു ഏറു ചോദിച്ചപ്പോൾ പറഞ്ഞു ആന പരിചയം കാണിച്ചതാ എന്ന്. കുറച്ചു കൂടി പരിചയം കാണിക്കാൻ വലിയ ഒരു പനം പട്ട ആന തപ്പിയെടുക്കുന്നതിൻ ഇടയിൽ ഞാൻ ഗോപിയോടു പറഞ്ഞു. 'ഗോപിയേ കുറച്ചു മാറി നിൽക്കാം.... ആടുപോൽ അല്ലാ ആന'
.
എന്തോ... ഞാൻ പറഞ്ഞത്‌ അവൻ കേട്ടു. കുറച്ചു മാറി ഒരു പാറകല്ലിൻ ഇരുന്നു ഞങ്ങൾ ആനയെ നോക്കിയിരുന്നു അപ്പോൾ ഗോപിയുടെ മനസ്സിൽ എന്തോക്കയോ മിന്നിമായുന്നുണ്ടായിരുന്നു.. അവൻ എന്റെ തോളിൽ കൈവച്ച്‌ പറഞ്ഞു 'ഒരു ആനക്കാരൻ ആവണം.... സ്ക്കുളിന്റെ മുൻപില്ലുടെ ആന പുറത്തിരുന്ന്...... ഇങ്ങിനെ ഗമയിൽ പോവണം.' അവൻ മനസ്സു കൊണ്ട്‌ അപ്പോഴെക്കും ഒരു ആനക്കാരൻ ആയി കഴിഞ്ഞിരുന്നു.. അവൻ ആനക്കാരൻ ആയ സ്ഥിതിക്ക്‌ എന്റെ മനസ്സിൽ പൊട്ടിമുളച്ചു വന്ന ഒരോ പൊട്ട സംശയങ്ങൾ ആനയെ കുറിച്ച്‌ ഞാൻ ചോദിച്ചു കൊണ്ടിരുന്നു. അവൻ അതിൽ എല്ലാത്തിനു മറുപടി പറയുകയു ചെയ്തു കൊണ്ടിരിന്നു.
.
ഒടുവിൽ ഞാൻ ചോദിച്ചു. 'അല്ല ഗോപ്യേ.... എങ്ങിനാ ഈ ആനയെ പിടിക്കുന്നത്‌..?' അവൻ കുറച്ചു നേരം നിശബ്ദ്ധനായ്‌ പിന്നെ ഇളകിയാടുന്ന ആനയുടെ ചെവിയിലേക്കും, മസ്തകത്തിലേക്കുമോക്കെ നോക്കി, പതുക്കെ പറയാൻ തുടങ്ങി.
.
'ആദ്യം ആനയുടെ പാപ്പാന്മാർ നല്ല നീളവും ബലവുമുള്ള ഒരു കയറു വാങ്ങും. പിന്നെ അതിനെ നല്ല മധുരമുള്ള ശർക്കര പാവിൽ ഇട്ട്‌ മുക്കി എടുക്കും. എന്നിട്ട്‌ കാട്ടിൽ ആന വരാറുള്ള വഴിയിൽ പോയി ഒരു അറ്റം അവിടെ ഒരു മരത്തിൽ നല്ല മുറുക്കനെ കെട്ടും. മറ്റേ അറ്റം കാടിന്റെ ഒരു അറ്റത്തു കൊണ്ടു പോയി നിലത്തു വെറുതെ ഇടും. എന്നിട്ട്‌ ഒളിച്ചിരിക്കും.
.
രാത്രി തീറ്റ തേടി വരുന്ന ആന ആ കയറു കാണും, നല്ല ശർക്കരയുടെ മണവും. സ്വാദും. ആന അതിന്റെ അറ്റം മെല്ലെ മെല്ലെ തിന്നാൻ തുടങ്ങും എന്നിട്ട്‌ മുൻപിലേക്ക്‌ മുൻപിലേക്ക്‌ വരും. ഈ തിന്നുന്ന കയറും മുഴുവൻ ആനയുടെ വയറ്റിൽ ഇങ്ങിനെ പന്തു പോലെ ഉരുണ്ടു ഉരുണ്ടു വരും കുറെ കഴിയുപ്പോൾ ആന പിണ്ടിയിടാൻ തുടങ്ങും അപ്പോൾ ഈ കയറിന്റെ മറ്റേ അറ്റം പുറത്തേക്കു വരും ഇതോന്നു അറിയാതെ ആന പിന്നെയും ശർക്കര കയറു തിന്നു കൊണ്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌ പോവും. ഈ തക്കത്തിനു പാപ്പാൻ മാർ ഓടി വന്നു മറ്റേ അറ്റം വേറേ ഒരു മരത്തിന്മേൽ കെട്ടിയിടും. അങ്ങിനെ എവിടെ പോവാനും കഴിയാതെ ആന കുടുങ്ങി പോവും. പിന്നെ അതിനു പട്ടയൊക്കെ കൊടുത്ത്‌ മയക്കി നാട്ടിലേക്ക്‌ കൊണ്ടു വരും.
.
ഇതുവരെ കേൾക്കാത്ത കഥ. ഞാൻ അവന്റെ മുഖത്തു തന്നെ കണ്ണടുക്കാതെ നോക്കിയിരുന്നു. ''സത്യം'' ഞാൻ വിശ്വാസം വരാതെ ചോദിച്ചു.
.
''പിന്നെ ചിലപ്പോഴോക്കെ ഒരു കോർബിൽ ഒന്നു രണ്ടു ആനയോക്കെ പെടും. ''
.
അതുകൂടി കേട്ടപ്പോൾ ആനയെ കാൾ ഉയരത്തിലാണു അറിവിന്റെ കാര്യത്തിൽ ഗോപി എന്ന് എനിക്കു തോന്നി.. മനസ്സിൽ കിട്ടാവുന്ന ദൈവങ്ങളുടെ പേരെടുത്തു ഞാൻ പ്രാർത്ഥിച്ചു ഇത്ര അറിവുള്ള ഗോപിയെ ഒരു പാപ്പാനാകണേന്ന്.
.
ആ ഗോപിയാണു മുൻപിൽ. ഈശ്വരാ അങ്ങു എത്ര മഹാനാണു.. ഗോപി നീയാണു മിടുക്കൻ നീ നിന്റെ ലക്ഷ്യത്തിൽ എത്തി. വരവുർ സ്ക്കുളിന്റെ മുൻപിലുടെ ആന പുറത്തു കയറി ഗമയോടെ എത്ര പ്രാവശ്യം നീ കടന്നു പോയിട്ടുണ്ടാവും നിന്റെ ആഗ്രഹങ്ങൾ നീ പൂർത്തികരിച്ചിരിക്കുന്നു.
.
ഞാൻ ഞാൻ എത്രയോ വിഡ്ഡി. ഇപ്പോഴും പെരുക്കപട്ടികയും ചോദ്യോത്തരങ്ങളുമായ്‌ ഇങ്ങിനെ അലയുന്നു. ഒരു ലക്ഷ്യമില്ലാത്തതിന്റെ കുറവ്‌ ഞാൻ ഇപ്പോൾ ശരിക്കും തിരിച്ചറിയുന്നുണ്ട്‌. സുഹ്രുത്തേ നിനക്കു മംഗളം.