Saturday, August 1

ഓർമ്മകൾ മുന്നാക്ലാസ്സ്‌ വരെ


തറവാട്ടു മനക്കലെ വളവു തിരിഞ്ഞ്‌ സുക്കൂളിലേക്കുള്ള പ്രധാന വഴിയിലേക്ക്‌ എന്തുമ്പോൾ എന്റെ തൊട്ടു പിന്നിലുണ്ടാവാറുള്ള പെൺ കുട്ടിയുടെ പേരു അശ്വതി എന്നാണെന്ന്. മുന്നാക്ലാസ്സിലേക്ക്‌ സുക്കൂൾ തുറന്നതിന്റെ മുന്നാദിവസം തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു.. ത്രിശ്ശുരിൽ എക്സിബിഷൻ ഹാളിൽ ചിലപ്പോഴക്കെ കാണാറുള്ള ബൊമ്മ കുട്ടികളുടെ ഛായയുണ്ടായിരുന്നു അവൾക്ക്‌..അവളുടെ കണ്ണുകളുടെ സ്ഥാനത്ത്‌ ഓണ തുമ്പികളാണു ചിറക്ക്‌ അനക്കിയിരുന്നത്‌ എന്നുവരെ എനിക്ക്‌ തോന്നിയിരുന്നു.. അതുകൊണ്ടു തന്നെ അവളെ കാണുന്നത്‌ എനിക്ക്‌ കൗതുകകരമായ കാഴ്ചയായിരുന്നു.

സ്ക്കൂളിലേക്ക്‌ പോകുമ്പോഴും.. വരുമ്പോഴും.. ഇന്റർ വെല്ലിനും... ഉച്ച ഭക്ഷണത്തിനും... ക്ലാസ്സിലും .. എല്ലായ്പ്പോഴും എന്റെ ഭ്രമണം അവൾക്കു ചുറ്റിലുമായിരുന്നു.. അവളുടെ ഒരു നോട്ടം.. ഒരു ചിരി.. അതിനായി ഞാൻ എന്തു സർക്കസ്സും ചെയ്യുമായിരുന്നു.. അവൾക്കു വേണ്ടി പൂക്കളും, നെയിസ്ലിപ്പുകളും, ചോക്ലേറ്റുകളും സംഘടിപ്പിക്കുക.. തുടങ്ങി അവളുടെ പ്രീതിക്കായ്‌ എന്തും ചെയ്തിരുന്നു.

എന്നെക്കാൾ ഒരു ക്ലാസ്സ്‌ മാത്രം മുതിർന്ന ചേട്ടന്റെ പാഠപുസ്തകങ്ങൾ കൂടി സ്ഥിരമായ്‌ വായിച്ചു നോക്കുന്നത്‌ എന്റെ ശീലമായതുകൊണ്ട്‌ മുന്നാക്ലാസ്സിലെ പാഠ്യപുസ്തകങ്ങളൊക്കെ എന്നിക്ക്‌ പരിചയമുള്ളതായിരുന്നു. അതുകൊണ്ട്‌ ഞാൻ നന്നായി പഠിക്കുന്ന കുട്ടികളിൽ ഉൾപ്പെട്ടിരുന്നു .. ക്ലാസ്സ്‌ ലീഡറുമായിരുന്നു.. കൂടാതെ സ്റ്റാഫ്‌ റുമിന്റെ അടുത്ത ക്ലാസ്സ്‌ ഞങ്ങളുടെ ആയതുകൊണ്ട്‌ പ്യൂൺ ശങ്കരേട്ടൻ ഇല്ലാത്തപ്പോൾ ബെല്ല് അടിക്കാനുള്ള ചുമതലയും ചിലപ്പോഴോക്കെ എനിക്കായിരുന്നു.

അങ്ങിനെ ചെറിയൊരു കുഞ്ഞിരാജാവായി ആരും ചോദിക്കാനും പറയാനും ഇല്ല എന്ന അഹങ്കാരത്തോടെ അശ്വതിയുടെ പിന്നാലെയുള്ള ഈ ചുറ്റികളി ഇങ്ങനെ തുടർന്നുകൊണ്ടിരിക്കുന്ന സമയം.

പെട്ടെന്നാണു അതു സംഭവിച്ചത്‌ ഒരു ഉച്ചകഴിഞ്ഞ ഇന്റർവെലിന്റെ സമയം ഞാൻ പതിവു പോലെ ആശ്വതിക്കു ചുറ്റു വട്ടമിട്ട്‌ പറന്നുകൊണ്ടിരിക്കുന്നു. പെട്ടെന്ന് എന്റെ ക്ലാസ്സിൽ തന്നെയുള്ള മറ്റൊരു പെൺകുട്ടി മുന്നാക്ലാസ്സിൽ ഒരു വട്ടം തോറ്റ സൗദാമിനിയമ്പാൾ എന്റെ ഈ കള്ള കളി കണ്ടു പിടിച്ചു. അവളുടെ കർണ്ണ കഠോരമായ ശബ്ദത്തിൽ എല്ലാ കുട്ടികളും കേൾക്കുമാറുച്ചത്തിൽ അവൾ വിളിച്ചു കൂവി

" ഈ ചെക്കൻ എപ്പോഴും അശ്വതിയുടെ പിന്നാലെയാ.. .... അശ്വതിയുടെ വാലാ ഈ ചെക്കനെന്ന് തോന്നുന്നു...നാണമില്ലാത്ത കുട്ടി....അശ്വതിയുടെ വാൽ ....വാൽ മാക്രി "

എന്റമ്മോ.. അതുകേട്ടതും എല്ലാവരുടെയും മുൻപിൽ വെച്ച്‌ തുണിയുരിഞ്ഞ പോലെയായി... മുന്നാക്ലാസ്സുകാരന്റെ ആത്മാഭിമാനം സടകുടഞ്ഞ്‌ ഏഴുന്നേറ്റു... പ്രതികാരാഗ്നിയിൽ ഞാൻ വിറക്കാൻ തുടങ്ങി.. ഇനി എന്തു ചെയ്യും... മറ്റു കുട്ടികളൊക്കെ ഉറക്കെ ചിരിക്കാൻ തുടങ്ങിയിരിക്കുന്നു പലരും ഏറ്റുപറയാനും തുടങ്ങി 'അശ്വതിയുടെ വാൽ വാൽ മാക്രി'. പരസ്യമായ ആദ്യത്തെ നാണംക്കെടൽ.. ഇതിനു പകരമായി എന്തെങ്കിലും ചെയ്തേ മതിയാവു ഞാൻ ചുറ്റും കണ്ണോടിച്ചും അപ്പോൾ അതാ സ്ക്കൂളിന്റെ വരാന്തയിലെ തുണിനു അരികിൽ ബെലടിക്കുന്ന ഇരുബു ചുറ്റിക ഒന്നും ആലോചിച്ചില്ലാ അതെടുത്ത്‌ സൗദാമിനിയമ്പാളുടെ കാലിന്റെ ഞെരിയാണി നോക്കി ഒരൊറ്റ കൊട്ട്‌ " ണേ" മുൻപേ തന്നെ കരപ്പൻ പിടിച്ച്‌ പൊട്ടിയിരുന്ന അവിടെ എന്റെ കൊട്ടുകൂടിയായപ്പോൾ ചെറുതായ്‌ ചോര പോടിയാനു തുടങ്ങി.. സൗദാമിനിയാകട്ടെ.. സ്ക്കുൾ പറമ്പിൽ മേഞ്ഞു നടക്കാറുള്ള അമ്മാളു അമ്മേടെ എരുമയെപോലെ അമറാനു തുടങ്ങി...അവിടെവിടെയായ്‌ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ സൗദാമിനിയുടെ അടുത്തേക്ക്‌ 'എന്താ', 'എന്താ' എന്ന് ചോദിച്ച്‌ ഓടിക്കൂടാനും തുടങ്ങി..

ഇനിയെന്തു ചെയ്യും.. ഈ ബഹളം കേട്ട്‌ ടീച്ചർ മാർ ആരെങ്കിലും ഇപ്പോൾ സ്റ്റാഫ്‌ റുമിൽനിന്നു പുറത്തേക്കു വരും.. വന്നാൽ അടി ഉറപ്പ്‌. ഞാൻ ആകെ വിറക്കാൻ തുടങ്ങി.. എങ്ങനെ രക്ഷപ്പെടും.. കുട്ടികളാണങ്കിൽ ഓടിക്കൂടി കൊണ്ടിരിക്കുന്നു.. ആകെ ശബ്ദമയം.. പെട്ടെന്ന് മുകളിലേക്ക്‌ നോക്കിയ എന്റെ മുൻപിൽ അതാ ബെല്ല് തൂങ്ങി കിടക്കുന്നു ഒന്നും ആലോച്ചിച്ചില്ലാ കയ്യിലിരിക്കുന്ന ഇരുബു ചുറ്റികയെടുത്തു തുരു തുരാന്ന് ആഞ്ഞടിച്ചു ഒരു കൂട്ടമണി. സൗദാമിനിയമ്പാളുടെ അടുത്തേക്ക്‌ വന്ന കൂട്ടികളൊക്കെ തിരിച്ച്‌ ഓടി സ്ക്കുൾ വിട്ടെന്നു കരുതി അവരവരുടെ ക്ലാസ്സിൽ നിന്നു സ്ലേറ്റും പുസ്തകവുമോക്കെയെടുത്തു സ്ക്കുളിനു പുറത്തേക്കു ഓടി.. കരഞ്ഞു കൊണ്ടിരുന്ന സൗദാമിനിയും വിശ്വാസം വരാതെ ഇത്‌ എന്ത്‌ മറിമായം എന്നു കരുതി പുസ്തകങ്ങളൊക്കെ എടുത്ത്‌ അവളും ഓടി.. തിരിഞ്ഞു നോക്കിയപ്പോൾ സ്റ്റാഫു റുമിൽ നീന്നു ബാഗുമോക്കെയെടുത്ത്‌ ടീച്ചറുമാരു ഓടുന്നു.. സ്കുളിനു അടുത്തുള്ള ബസ്സ്സ്റ്റോപ്പിലേക്ക്‌..

ആ ഹ ഹാ.... മൊത്തം ശാന്തം... പ്യുൺ ശങ്കരേട്ടനും.. ഉപ്പ്മാവുണ്ടാകുന്ന ശാന്തേച്ചിയും പിന്നെ സ്വർഗ്ഗത്തിൽ കട്ടുറുമ്പായി ഈ ഞാനും മാത്രം.. കുറച്ചു കഴിഞ്ഞപ്പോൾ അശ്വതി ഇപ്പോൾ എവിടെ എത്തിയിട്ടുണ്ടാവുമെന്നോർത്ത്‌ ഞാനും ഓടി

പിറ്റേന്ന് എല്ലാം ശാന്തമായി എന്നു കരുതിയിരികുന്ന ഞാൻ സ്റ്റാഫ്‌ റുമിൽ നിന്ന് ആ സംസാരം കേട്ടു

"അല്ലാ സുമതി ടീച്ചറെ ഇന്നലെ നമ്മളെ എന്തിനാ നേരത്തേ വിട്ടത്‌.."

"ആ" രമണി ടീച്ചറു കൈമലർത്തി

"ആ" ഇന്നലെ ഏറ്റവും ആദ്യം ഓടി ബസ്സിന്റെ വാതിലിൽ തൂങ്ങികിടന്നു പോയ ഹെഡ്‌ മാസ്റ്റർ കൈലാസമാഷും കൈമലർത്തി..

വിചാരിച്ച പോലെ തന്നെ സംഭവിച്ചു അന്വോഷണം തുടങ്ങി..കൈലാസ്സൻ മാഷ്‌ എന്റെ ക്ലാസ്സിലുമെത്തി

"ആരാ ഇന്നലെ കൂട്ടമണിയടിച്ചത്‌..ഞാൻ കണ്ടു പിടിക്കണോ... അതോ അവനവൻ തന്നെ പറയണോ... ആരാ ചെയ്തത്‌ എന്നു വെച്ചാൽ എഴുന്നേറ്റു നിൽക്കാം..." മാഷ്ടെ കയ്യിലെ ചൂരൽ കിടന്ന് വിറക്കുന്നുണ്ടായിരുന്നു

ഏഴുന്നേറ്റു നിൽക്കണമെന്നു മനസ്സിൽ ആഗ്രഹമുണ്ട്‌ പക്ഷെ കാലു സമ്മതിക്കുന്നില്ലാ വിറച്ചിട്ട്‌.. ഞാൻ അവിടെ തന്നെയിരുന്നു... പിന്നെ പതുക്കെ ഒളിഞ്ഞ്‌ സൗദാമിനിയമ്പാളുടെ മുഖത്തേക്ക്‌ നോക്കി അവളെങ്ങാനും പറയുന്നുണ്ടോന്ന്.. അവളാകട്ടെ ഞാൻ ഈ നാട്ടുകാരിയേ അല്ലാ എന്ന ഭാവത്തിൽ.. അവളുടെ കാലിന്റെ ഞെരിയാണിയിലേക്ക്‌ നോക്കി ഇനി അതെങ്ങാനും വിളിച്ചു പറയൂമോ... ഇല്ലാ അവിടെയും ഒരു കുഴപ്പമില്ലാ.. ആവും രക്ഷപ്പെട്ടു.. സമാധാനത്തോടെ ഒന്നു നെടുവീർപ്പിടാൻ തുടങ്ങി.. പെട്ടെന്ന് പെൺകുട്ടികളുടെയിടയിൽ നിന്നു ആരോ എഴുന്നേറ്റ്‌ നിന്നു

" ഇന്നലെ ബെല്ലടിച്ചത്‌ സുനിലാ... മാഷേ "പൂർണ്ണ നിശബ്ദ്ധതയെ ഭഞ്ജിച്ചു കൊണ്ട്‌ ആ ശബ്ദം ക്ലാസ്സിൽ മുഴങ്ങി

മാഷ്‌ എന്നെ ഒരു മൂലയിലേക്ക്‌ മാറ്റി നിർത്തി കൈ നീട്ടാൻ ആവശ്യപ്പെട്ടു. മാഷുടെ കയ്യിലുണ്ടായിരുന്ന ചൂരൽ ഒരു പാടു തവണ ഉയർന്നു താണു.. ജീവിതത്തിൽ ആദ്യമായ്‌ കിട്ടിയ ചൂരൽ കഷായം..

എനിക്ക്‌ ഒട്ടും വേദനിച്ചില്ലാ.. കാരണം എന്നെ ഒറ്റി കൊടുത്ത ആ ശബ്ദം ഞാൻ തിരിച്ചറിഞ്ഞിരുന്നു അതു വേറെ ആരുമല്ലായിരുന്നു അശ്വതിയായിരുന്നു..

ക്ലാസ്സിൽ നിശബ്ദനായ്‌ തല കൂമ്പിട്ടിരുന്ന എന്റെ കണ്ണിൽ നിന്നു വിണ കണ്ണുനീർ തുള്ളികൾ എന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ചെമ്പകപൂവിനെ നനക്കുന്നുണ്ടായിരുന്നു. അത്‌ ഞാൻ അശ്വതിക്ക്‌ കൊടുക്കാൻ വേണ്ടി കൊണ്ടു വന്നതായിരുന്നു.

അന്ന് ക്ലാസ്സ്‌ കഴിഞ്ഞ്‌ എല്ലാവരും പോകുമ്പോൾ എനിക്കു തീരെ ഉത്സാഹം തോന്നിയില്ലാ..വേഗം പോവാനോ ആരുടെയെങ്കിലും ഒപ്പം എന്താനോ..

എല്ലാവരും പോയതിനു ശേഷം മാത്രമാണു ഞാൻ ക്ലാസ്സിൽ നിന്നു ഇറങ്ങിയത്‌..മനസ്സിൽ പേരറിയാത്ത പല വികാരങ്ങളും മാറിമറയുന്നുണ്ടായിരുന്നു... സ്ക്കുളിന്റെ ഗെയ്റ്റ്‌ കഴിഞ്ഞ്‌ പുറത്തേക്കു നടക്കവേ വഴിയിലെ ഇലഞ്ഞിമരത്തിനു താഴെ എന്റെ വേദനയിൽ പങ്കുചേർന്ന് .. നിസ്സഹായമായ്‌ എന്നെ നോക്കികൊണ്ട്‌ ഒരാൾ നിന്നിരുന്നു.. സൗദാമിനിയമ്പാൾ