Wednesday, June 24

തിരകൾ ഉയരുകയാണു


കുറെ വർഷങ്ങൾക്കു ശേഷമാണു ഞാൻ അവന്റെ ശബ്ദം കേൾക്കുന്നത്‌. ഒരു ഉച്ച നേരത്ത്‌ എന്റെ മൊബൈൽ ശബ്ദിച്ചപ്പോൾ ഞാൻ ഒരിക്കലും കരുതിയിരുന്നില്ലാ അവനായിരിക്കുമെന്ന്.. പേരു പറഞ്ഞു പരിചയപെടുത്തിയപ്പോൾ മാത്രമാണു ഞാൻ അവനെ തിരിച്ചറിഞ്ഞത്‌.. നിന്റെ ശബ്ദം ആകെ മാറിപോയല്ലോ എന്ന ചോദ്യത്തിനു അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു സുഹ്രുത്തേ നീണ്ട പതിനഞ്ച്‌ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. മാറ്റങ്ങൾ ഉണ്ടാവാതിരിക്കുമോ.... നീണ്ട പതിനഞ്ചു വർഷങ്ങൾ.. . ഒരിക്കലും മറക്കാതെ മനസ്സിലുണ്ടാവേണ്ടിയിരുന്ന പ്രിയ പ്പെട്ടവരിൽ ഒരുവൻ.. പേരു പറഞ്ഞിട്ടു സമയങ്ങൾ എടുത്തു ചികഞ്ഞെടുക്കാൻ.. "ഞാനും ഇവിടെയോക്കെ തന്നെയുണ്ട്‌ നാട്ടിൽ വെച്ച്‌ അരവിന്ദനാണു നിന്റെ നമ്പർ തന്നത്‌.. അടുത്തമാസം എന്റെ വിവാഹമാണു നിന്നെ ക്ഷണിക്കാനും കൂടിയാണു ഈ വിളി.. "

"അപ്പോൾ നിന്റെ വിവാഹം ഇതു വരെ " വാക്കുകൾ മുഴുവനക്കാനായില്ലാ....

" ജിവിച്ചു തുടങ്ങാൻ തുടങ്ങുന്നത്‌ ഇപ്പോൾ മുതലാണു...." ഒറ്റവാക്കിൽ തികച്ചു നിസ്സംഗനായി അവൻ ഉത്തരം പറഞ്ഞു.

ഞങ്ങളിൽ എല്ലാവരെക്കാൾ കുടുതൽ മെച്ചപെട്ട നിലയിലായിരിക്കും അവൻ എന്നു കരുതിയിരുന്നു.. പെട്ടെന്നു മറുപടി കേട്ടപ്പോൾ വിശ്വസിക്കാനായില്ലാ...

പണ്ട്‌ ചെറുപ്പത്തിൽ സ്ക്കൂൾ പൂട്ടുപ്പോഴോക്കെ ഞാൻ ത്രിശ്ശുരിൽ അമ്മയുടെ വിട്ടിൽ വെക്കേഷനു വന്നു നിൽക്കുമായിരുന്നു. അപ്പോഴാണു അവനെ ആദ്യമായി കാണുന്നത്‌..പീന്നിട്‌ പ്രിഡിഗ്രിക്കു ത്രിശ്ശുരിൽ പഠിച്ചപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഡിഗ്രിക്കു വ്യാസ കോളേജിലേക്കു പഠനം പറിച്ചു നടുകയും വരവൂരിലേക്കു താമസം മാറ്റുകയും ചെയ്യുന്നതു വരെ ഒന്നിച്ചു തന്നെയായിരുന്നു. അവനെ കേന്ദ്രികരിച്ചു ഒരു കൂട്ടം സുഹ്രുത്തുക്കളുണ്ടായിരുന്നു എല്ലാവരെയും പരിചയപ്പെടുത്തുന്നതു പലരെയും കണ്ടുമുട്ടുന്നതു അവനിലൂടെയായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ടവൻ...ഒത്തിരി ഇഷ്ടെപ്പെട്ടുപോയ ഒരു നല്ല സുഹ്രുത്ത്‌.. പക്ഷെ കാലങ്ങൾക്കു ശേഷം ഓർമ്മയിൽ നിന്നു ചികഞ്ഞെടുക്കേണ്ടി വന്നു.

അവനിലുടെ പഴയ എല്ലാ സുഹ്രുത്തുക്കളുടെയും വിവരങ്ങൾ അറിഞ്ഞു... എല്ലാവരും എവിടൊക്കെയുണ്ടെന്നു... അവരുടെ വിശേഷങ്ങളും... വിവാഹങ്ങളും... ഒത്തു ചേരലുകളും എല്ലാം.

കാലങ്ങൾ കഴിഞ്ഞിട്ടും ഒരാളെ പോലും വിടാതെ ഒന്നും അടർന്നു പോവാതെ അവൻ കാത്തു സുക്ഷിച്ച സുഹ്രുത്ത്‌ ബദ്ധത്തിന്റെ പുസ്തകം അവൻ എനിക്കു വേണ്ടി തുറന്നു...... എല്ലാവരുമുണ്ടായിരുന്നു അതിൽ.. ചോദിച്ചവരുടെയോക്കെ വിശദമായ വിവരണങ്ങൾ അവനിലുണ്ടായിരുന്നു.... അതിൽ അടർന്നു പോവാതെ അവൻ എന്നെയും സൂക്ഷിച്ചിരുന്നു..... കണ്ടുമുട്ടുന്നവരോടോക്കെ അവൻ അവനു പരിചയമുള്ളവരെയും വിട്ടു പോയവരെയും കുറിച്ച്‌ അന്വോഷിച്ച്‌ വെച്ചിരുന്നു.... ഒരാളെ പോലും നഷ്ടപെടാതിരിക്കാൻ അവൻ ശ്രമിച്ചിരുന്നു.

ഒത്തിരി സംസാരിച്ചു... കൂടെയുണ്ടാവുകയും പരിച്ചയപെടുകയും ചെയ്തവരെ കുറിച്ചും അറിയുന്നവരെ കുറിച്ചോക്കെ ഒരൊന്നായി ചോദിച്ചു സംസാരം മണിക്കുറുകളോള്ളം നീണ്ടു.

നീണ്ട സംഭാഷണങ്ങൾക്കൊടുവിൽ ഇനിയും കാണാമെന്നു പറഞ്ഞു... അവന്റെ വിവാഹ ജീവിതത്തിനു ആശംസകൾ നേർന്നു.... ഫോൺ ഡിസ്കൺകടു ചെയുന്നതിനു മുൻപു... അർത്ഥഗർഭമായ മൗനം ഞങ്ങൾകിടയിൽ തളം കെട്ടി നിന്നു... എന്തോ ഒന്നു ഞാൻ മറന്നു പോയിരിക്കുന്നു. ഫോൺ വെച്ചു, ശരീരം വിയർക്കാൻ തുടങ്ങിയിരിക്കുന്നു

മനസ്സിലേക്കു ഇരച്ചെത്തിയ കുറ്റബോധത്തിന്റെ കടൽ ...ഓർക്കുത്തോറും നെഞ്ചിലേക്കു പടർന്നെത്തുന്ന വേദനയുടെ മുള്ളുകൾ.. മനസ്സു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു തെറ്റ്‌ ചെയ്തെന്ന്...

ഒന്നു ചോദിക്കാമായിരുന്നു അവളെ കുറിച്ച്‌... ഒരു വാക്ക്‌ എവിടെയാണെങ്കിലും സുഖമായിരിക്കുന്നോ എന്ന് അറിയാൻ മാത്രം. അതു പോലും.. അകലെയാക്കിയോ കാലം.. അവനും പ്രതീക്ഷിച്ചു കാണും. അവനും അഗ്രഹിച്ചു കാണും.. ഒരിക്കലെങ്കിലും അവളെ കുറിച്ചു ചോദിക്കുമെന്നു.. എല്ലാം മറന്നു അവൻ എന്നെ സ്നേഹപൂർവ്വം ഓർത്തു ... മറക്കാതെ വെറുക്കാതെ.. അവന്റെ മനസ്സിൽ എനിക്കു എപ്പോഴും ഒരു ഇടം അവൻ കരുതി വെച്ചിരുന്നു. എന്നിട്ടു ഞാൻ ഒരിക്കൽ പോലും ചോദിച്ചില്ലാ അവളെ കുറിച്ച്‌.. അത്രമാത്രം അവളെ മറക്കാൻ ...എനിക്കു കഴിയുമോ..നീണ്ട സംസാരത്തിനിടയിൽ എപ്പോഴേങ്കിലും അവൾ കടന്നു വരുമെന്നു അവൻ പ്രതീക്ഷിച്ചു കാണും .......മനപൂർവ്വമായിരുന്നു. എന്റെ മറവി...

അവൾ എവിടെയെങ്കിലും സുഖമായിരിക്കുന്നുണ്ടാവും... ഭർത്താവിനോടു കുട്ടികളൊടുമൊത്ത്‌...ഒരു പക്ഷെ അവൾ അവനിലൂടെ എന്നെ പറ്റി തിരക്കിയിട്ടുണ്ടാവും.. എന്റെ വിവരങ്ങൾ എല്ലാം അറിയുന്നുണ്ടായിരിക്കും...

എന്നെങ്കിലും ഒരിക്കൽ അവൻ എന്നോടു സംസാരിച്ചു എന്നറിയുമ്പോൾ അവൾ അവനോടു ചോദിക്കുമായിരിക്കും..അവളെപറ്റി ചോദിച്ചിരുന്നോ എന്ന്.. എന്തായിരിക്കു അവൻ പറയുക... ഞാൻ അവളെ ഓർക്കുന്നില്ലാ എന്നോ.... മറന്നു പോയോ എന്നോ... മണിക്കുറുകളോള്ളം എല്ലാവരെയും കുറിച്ച്‌ സംസാരിച്ചിട്ട്‌ ഒരിക്കൽ പോലും ഒരു വാക്കു പോലും അവളെ കുറിച്ച്‌ ചോദിച്ചില്ലാ എന്നോ....

കുറ്റബോധത്താൽ മനസ്സു നീറാൻ തുടങ്ങിയിരിക്കുന്നു... അവനെ വിളിച്ചാലോ...അവളെ കുറിച്ച്‌ ചോദിച്ചാലോ... ഞാൻ അവളെ എന്നും അന്വോഷിച്ചിരുന്നു എന്നു പറഞ്ഞാലോ...

മനസ്സിപ്പോൾ ഒരു കടൽ പോലെയാണു.. തുടരെ തുടരെ വിശിയടിക്കുന്ന കുറ്റബോധത്തിന്റെ തിരമാലകളുള്ള....ഒരു കടൽ...

ശാന്തമാകണമെന്ന് വെറുതെ മോഹിക്കുന്ന ഒരു കടൽ