Monday, March 16

കബീർ വാഡിയിലെ ആൽമരങ്ങൾ


ജിത്തു ഭായ്‌...... താങ്കൾ പോയ്കൊള്ളു. ഞാൻ വന്നു കൊള്ളാം

ബാലാ.. ഞാൻ ഇവിടെ നിൽക്കാം.... കാലങ്ങൾക്കു ശേഷമല്ലേ ഈ വഴിയിലൂടെ...

സാരമില്ലാ ജിത്തു താങ്കൾ പോയ്കൊള്ളു..... പന്ത്രണ്ടു മണിക്കല്ലേ എന്റെ ട്രെയിൻ.... അതിനുമുൻപു ഞാൻ എത്തും.

മറുപടിക്കു കാത്തു നിൽക്കാതെ, അയാൾ ആൾ കൂട്ടത്തോടോപ്പം നർമ്മദാ നദിയിലേക്കുള്ള പടവുകൾ ഇറങ്ങാൻ തുടങ്ങി, താഴെ നദിയിൽ പുറപ്പെടാറായ ഒരു ബോട്ട്‌ കുറച്ചു യാത്രകാർക്കു കൂടിയായ്‌ കാത്തുനിന്നിരുന്നു. കരയിൽ കെട്ടിയിരുന്ന ബോട്ടിന്റെ കയറുകൾ അയഞ്ഞു, നദിയുടെ കൈകൾ ബോട്ടിനെ ഏറ്റെടുത്തു...... അയാൾ ഒരു അരികു ചേർന്നിരുന്നു........ ആളുകൾ കുറവാണു.

നർമ്മദാ നദിയിലെ ഓളങ്ങൾ എപ്പോഴും ശാന്തമാണെന്നു ആയാൾക്ക്‌ തോന്നി. അകലെ ഒരു പച്ച തുരുത്തായി കബീർ വാഡി തെളിഞ്ഞുകൊണ്ടിരികുന്നു.

ജിത്തു ഭായ്‌ പോയിട്ടുണ്ടാവുമോ ?

ജിതേന്ദ്ര ദവെ എന്ന ജിത്തു. ബാല കൃഷ്ണൻ എന്ന ബാല. എട്ടു വർഷം ഒരുമിച്ച്‌ ഉണ്ടായിരുന്നു ഹൃദയത്തിന്റെ വാതിലുകൾ തുറക്കാതെ തന്നെ ഉള്ളിലുള്ളത്‌ വായിച്ചെടുക്കാൻ കഴിവുള്ള ആത്മബന്ധം. ഒരേ കബനിയിൽ ജോലി, ഒരുമിച്ചു താമസം, ഒന്നിച്ച്‌ അഘോഷിച്ച ഉത്സവങ്ങൾ, പങ്കുവെച്ച സുഖ ദുഖങ്ങൾ, പിന്നെ ഒരു യാത്ര പോലും പറയാതെ ഒരു പലായനം, ഒടുവിൽ പത്തു വർഷങ്ങൾക്കു ശേഷം....

ഇല്ല അയാൾ പോയിട്ടുണ്ടാവില്ലാ..... ഈ ബോട്ട്‌ കണ്ണിൽ നിന്നു മറയുന്നതു വരെ അയാൾ അവിടെ തന്നെ കാണും.

ബോട്ടിന്റെ വേഗത കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അകലെ കബീർ വാഡിയിലെ ആൽമരങ്ങൾക്കു മുകളിൽ നിന്നുള്ള വവ്വാലുകളുടെ ചിറകടിയോച്ചകളും കരച്ചിലുകളും കേൾക്കാൻ തുടങ്ങിയിട്ടുണ്ട്‌

ജനനത്തിൽ നിന്നു മരണത്തിലേക്കുള്ള ഒരു നീണ്ടയാത്ര അതിൽ കോർത്തിട്ട കുറെ കൊച്ചു കൊച്ചു യാത്രകൾ ജീവിതമെന്ന ഹാരം അങ്ങിനെയാണെന്നു അയാൾക്കു പലവട്ടം തോന്നിയിട്ടുണ്ട്‌. ചില യാത്രകൾക്കും കണ്ടുമുട്ടലുകൾക്കും പൂർത്തികരണമില്ലാ, എപ്പോഴും എവിടെയോ ഒരു കുറവു തോന്നും. അതു നികത്താൻ പിന്നെ എത്ര ശ്രമിച്ചാലും കഴിഞ്ഞെന്നു വരില്ലാ, അപൂർണ്ണമായ യാത്രകൾ മനസ്സിനെ കുത്തിനോവിക്കാൻ തുടങ്ങുപ്പോൾ പിന്നെയും യാത്ര തുടരും. പക്ഷെ അപ്പോഴും....

ബോട്ടിന്റെ വേഗത കുറഞ്ഞു തുടങ്ങിയിരിക്കുന്നു, പുഴയുടെ അരികിൽ മണൽ നിറച്ചു വെച്ച ചാക്കു കെട്ടുകൾക്കരികിൽ ഒരു ചെറിയ കുലുക്കത്തോടെ അതു നിന്നു. ആളുകൾ ഇറങ്ങി തുടങ്ങുന്നു. ഈർപ്പവും ചൂടു തളംകെട്ടിനിൽക്കുന്ന മണൽ പരപ്പിലേക്കു ആയാൾ ഇറങ്ങി. പുഴയിൽ ആളുകൾ കുറവാണു, അരികിലേക്കു ഓടിയെത്തിയ ഓളങ്ങളിൽ കാൽ നനച്ച്‌ അയാൾ കബീർ വാഡിയിലേക്ക്‌ നടന്നു

ഒന്നിൽ നിന്നു വേറൊന്നിലേക്കായി പടർന്നു നിൽക്കുന്ന കുറ്റൻ അരയാൽ മരങ്ങൾ. നടുവിൽ കബീർ ദാസ്സിന്റെ മന്ദിരം, മുകളിൽ ചില്ലകളിൽ തൂങ്ങികിടക്കുന്ന ആയിരകണക്കിനു വവ്വാലുകൾ, അവയുടെ ചിറകടിയോച്ചകളും, കരച്ചിലുകളും. മരചില്ലകളിലും മന്ദിരത്തിന്റെ മുകളിലുമായി വസിക്കുന്ന വാനര കൂട്ടങ്ങൾ, പുഴയിൽ നിന്നും സുര്യകാന്തി പാടങ്ങളിൽ നിന്നുമുള്ള തണുത്ത കാറ്റ്‌, മരചില്ലകളാൽ മറച്ച ആകാശം, എപ്പോഴും തങ്ങി നിൽക്കുന്ന ഇരുട്ടും, തണുപ്പും.

മുൻപിൽ കണ്ട വിൽപനകാരനിൽ നിന്നു കുറച്ചു പൂക്കളും, നാളികേരവും, മധുരവും വാങ്ങി നടക്കൽ വെച്ചു തൊഴുത്തു. പിന്നെ താഴേക്ക്‌ ഇറങ്ങി ഒരു ആൽമരത്തിനു താഴെ അതിന്റെ വേരിന്റെ സുരക്ഷിതത്വത്തിൽ ഇരുന്നു.

കബീർ വാഡി അയാൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണു. നർമ്മദയുടെ ഓളങ്ങളിലേക്ക്‌ നോക്കി ഒരു പരിത്യാഗിയെ പോലെ.. ഈ ശാന്തതയിൽ ഇങ്ങിനെ....അയാൾക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌ ജീവിതത്തിന്റെ സുഖദമായ ഒഴുക്കിനു ഇങ്ങിനെ ചില യാത്രകൾ അത്യാവശ്യാമാണു

പല തവണ ഇവിടെ വന്നിട്ടുണ്ട്‌...ഈ മരങ്ങൾക്കു താഴെ മറഞ്ഞു നിൽക്കുന്ന വേരുകൾകിടയിൽ ഇരുന്നിട്ടുണ്ട്‌.. തുടക്കം എവിടെ നിന്നെന്നറിയാതെ ഒന്നിൽ നിന്ന് ഒന്നിലേക്കു പടർന്നു നിൽക്കുന്ന ആൽമരങ്ങളെ ചൂണ്ടി മനസ്സിൽ പറഞ്ഞിട്ടുണ്ട്‌.. ഇതുപോലെ ഇങ്ങിനെ ഒരിക്കലും അവസാനിക്കാതെ പടർന്ന് പന്തലിച്ച്‌...ഒന്നിൽ നിന്ന് ഒന്നിലേക്കായി..
കുടത്തിൽ വെള്ളവുമായി മുൻപിൽ ചെറിയ ഒരു പെൺകുട്ടി വന്നു നിന്നു. ആവശ്യമില്ലെക്കിലും അയാൾ ഒരു ഗ്ലാസ്സ്‌ വെള്ളം വാങ്ങികുടിച്ചും കയ്യിൽ വെച്ചു കൊടുത്ത നാണയങ്ങളുമായി അവൾ നടന്ന് അകന്നു

അകലെ പുഴക്കു കുറുകെയുള്ള പാലത്തിനു അപ്പുറത്തായ്‌ സൂര്യൻ മറയാൻ തുടങ്ങിയിരിക്കുന്നു. താഴെ പുഴയിൽ ഒറ്റപ്പെട്ട വള്ളങ്ങളിൽ ചിമ്മിനി വിളക്കുകൾ തെളിഞ്ഞു കഴിഞ്ഞു, ആളുകൾ തിരിച്ചു പോയ്കൊണ്ടിരിക്കുന്നു, കബീർ വാഡി വിജനതയിലേക്കു ഇരുട്ടിലേക്കു മറഞ്ഞു കൊണ്ടിരിക്കുന്നു.

ആൽമരങ്ങളിൽ നിന്നു അതിഘോരമായ ചിറകടിയൊച്ചയോടെ വവ്വാലുകൾ കൂട്ടമായ്‌ പറന്നുയരാൻ തുടങ്ങി, ചുറ്റുമുള്ള സുര്യകാന്തി പാടങ്ങളിലും, പുഴക്കും മുകളിലുമായ്‌ അവ വട്ടമിട്ട്‌ പറന്നുകൊണ്ടിരുന്നു.

ആൽമരത്തിൽ ചേക്കേറിയ വവ്വാലുകൾ ഒന്നോഴിയാതെ പറന്നകന്നിരിക്കുന്നു.

അയാൾ ഇപ്പോൾ കബീർ വാഡിയിൽ ഏകനാണു

അയാൾ ഓർക്കുകയായിരുന്നു ഗുജറാത്തിനെ കുറിച്ച്‌.... യുറോപ്പിനെ കുറിച്ച്‌..... ദുബായിയെ കുറിച്ച്‌..... കട്ടുമുട്ടിയവരെ കുറിച്ച്‌... കടന്നു പോയവരെ കുറിച്ച്‌ .. ജീവിതമെന്ന വലിയ യാത്രയിൽ കോർത്തിട്ട കൊച്ചു കൊച്ചു യാത്രകളെ കുറിച്ച്‌..

മനസ്സിൽ ആഴങ്ങളിൽ എന്നു തെളിഞ്ഞുകിടക്കുന്നുണ്ട്‌ ഒരു തീർത്ഥാടനം. ദേശങ്ങളിൽ നിന്നു ദേശങ്ങളിലേക്കുള്ള ഒരു യാത്ര.. ഒന്നിലു ഉറച്ചു നിൽക്കാത്ത ദേശാടനം. എന്താണു പലപ്പോഴും യാത്രയുടെ ലക്ഷ്യം.. എന്താണു അപൂർണ്ണതകൾ മാത്രം തിരിച്ചറിയുന്നത്‌.. എല്ലാ യാത്രകളും അപൂർണ്ണങ്ങളായി തോന്നുന്നത്‌ എന്തുകൊണ്ടാണു.. അയാൾക്ക്‌ ഒന്നിനു ഉത്തരങ്ങളില്ലായിരുന്നു അപൂർണ്ണമായ യാത്രകൾ മനസ്സിനെ നോവിക്കാൻ തുടങ്ങിയപ്പോൾ...അയാൾ വീണ്ടും കബീർ വാഡിയെ തേടിയെത്തി.

അകലെ പുഴക്കു കുറുകെയുള്ള പാലത്തിലൂടെ ഒരു തീവണ്ടി കടന്നു പോകുന്നു...

അയാൾ സമയത്തെ കുറിച്ച്‌ ബോധവനായതേയില്ലാ

യാത്രകൾ അപൂർണ്ണങ്ങൾ ആക്കാൻ അയാൾക്കിനി ആവില്ലാ....മനസ്സിനെ നോവികാതെ പൂർണ്ണത നിറഞ്ഞ മനസ്സുമായി ഒരു തിരിച്ചു പോക്ക്‌ അയാൾ പ്രതീക്ഷികുന്നുമില്ലാ...

മുൻപിലൂടെ കടന്നു പോകുന്ന നർമ്മദാ നദിയുടെ ഓളങ്ങളിലേക്കു നോക്കി.. പൂർത്തികരിക്കപ്പെട്ട ഒരു നല്ല യാത്രയുടെ സ്വപനവും പേറി അയാൾ കബീർ വാഡിയിൽ പടർന്നു പന്തലിച്ച ആൽമരങ്ങൾക്കു താഴെ ഏകനായ്‌ ഇരുന്നു.

ആകാശത്ത്‌ കറുത്ത പൊട്ടുകളെ പോലെ അപ്പോൾ വവ്വാലുകൾ ചുറ്റി പറന്നു കൊണ്ടിരുന്നു.