Saturday, February 21

കുഞ്ഞുണ്ണി മാഷ്‌ ഒരു ഓർമ്മകുറിപ്പ്‌വർഷങ്ങൾക്കു മുൻപു ഇരുനിലക്കോട്‌ സുബ്രമണ്യാസ്വമി ക്ഷേത്രത്തിലെ പൂയത്തിനു, കാവടികൾ ആടി തിമിർക്കുന്ന ഒരു മദ്ധ്യാഹനത്തിൽ, ഇളകിയാടുന്ന ജനസമുദ്രത്തിനു ഇടയിലൂടെ, മുട്ടോളം മാത്രമെത്തുന്ന ഒരു ഒറ്റമുണ്ടും, വളരെ നേരിയ ഒരു ജുബയും ധരിച്ചു കുഞ്ഞുണ്ണിമാഷു കടന്നു വന്നു. തിരക്കിനിടയിൽ ബുദ്ധിമുട്ടി വരുന്ന മാഷെ കണ്ട്‌ ഈയുള്ളവൻ അടുത്തുച്ചെന്നു ചോദിച്ചു.

"കുഞ്ഞുണ്ണി മാഷല്ലേ ? "

"ആ കുട്ട്യേ.... ഈ കയ്യോന്നു പിടിച്ചോളു."


ആ ത്രിക്കൈ ഏറ്റുപിടിച്ച്‌ പാണ്ടിമേളത്തെക്കാൾ മിടിക്കുന്ന ഹൃദയവുമായി തിരക്കിനിടയിലുടെ ക്ഷേത്രനട ലക്ഷ്യമാക്കി നടന്നു. ഓരോ നടയിലും ഒരു കൊച്ചു കുഞ്ഞിനെ പോലെ മാഷു കൈകൂപ്പി നിന്നു തൊഴുതു. ദർശ്ശനം കഴിഞ്ഞ്‌ പുറത്തേക്കു വന്ന മാഷ്‌ പീന്നിട്‌ സ്വാമിക്ഷേത്രത്തിനു പിന്നിലുള്ള മലമുകളിലെ സന്യാസി ഗുഹകൾ ദർ ശിക്കണമെന്നു ആവശ്യപ്പെട്ടു. കുത്തനെയുള്ള മലമുകളിൽ കേറാൻ ബുദ്ധിമുട്ടുണ്ടാവില്ലേന്നു ചോദിച്ചപ്പോൾ

" ഇപ്പോ തന്റെ ബലാ... ന്റെ ബലം" എന്നായിരുന്നു മറുപടി

മുകളിലേക്കുള്ള കയറ്റത്തിനിടക്കു മാഷെന്നോടു പേരും, സ്ഥലവും. പഠിക്കുന്നതിനെപ്പറ്റിയും ഒക്കെ ചോദിച്ചു. മാഷടെ കവിതകളെ കുറിച്ചു. പാഠപുസ്തകത്തിൽ കവിഞ്ഞുള്ള കവിതയുടെയും കഥയുടെയും വായനയുടെ ലോകത്തിലേക്ക്‌ മാഷുടെ കവിതകളാണു എനിക്കു പ്രചോദനമായതെന്നുമൊക്കെ ഞാനു മാഷോടു പറഞ്ഞു. മാഷുടെ കുറച്ചു കവിതകളും ചൊല്ലി കേൾപ്പിച്ചു. വായന എപ്പോഴു പരന്നതായിരിക്കണം. പാഠപുസ്തകങ്ങളിൽ നിന്നു മാത്രമല്ലാ നമുക്കു പഠിക്കാനുള്ളത്‌. പ്രകൃതിയിൽ നിന്നും, ജന്തുക്കളിൽ നിന്നു ഒക്കെ മനുഷ്യനു പഠിക്കാനുണ്ട്‌. വായിക്കണം. വായിക്കുന്നവനെ വളർച്ചയുള്ളു. മാഷു ഉപദേശിച്ചും.

മലമുകളിലെ സന്യാസിഗുഹകളുടെ നടയിൽ കൈകുപ്പിനിന്ന് മാഷ്‌ തൊഴുതു. തളികയിൽ നിന്നു കുറച്ചു ഭസ്മമെടുത്തു നെറുകയിൽ തേച്ചു. കയ്യിൽ ഉണ്ടായിരുന്ന നാണയങ്ങൾ തളികയിലേക്കിട്ടു തിരിച്ചു നടന്നു. പിന്നെ കുന്നിന്റെ നെറുകയിൽ നിന്നു ചുറ്റുമുള്ള കണ്ണത്താ ദുരത്തോളമുള്ള പ്രകൃതിയിലേക്കു കണ്ണയച്ചു മാഷ്‌ കുറച്ചുനേരം നിന്നു.


താഴെ ആടിതിമിർക്കുന്ന പലവർണ്ണ കാവടികളിലേക്കും. കൊയ്തു കഴിഞ്ഞ പാടശേഖരങ്ങളിലേക്കും അവയെ മുറിച്ചു കടന്നു പോകുന്ന തീവണ്ടിയിലേക്കുമൊക്കെ മാഷു മാറിമാറി നോക്കി നിന്നു. പിന്നെ എന്നോട്‌ ചോദിച്ചൂ.

" സ്ഥലപേരെന്താന്നാ പറഞ്ഞേ"

"വരവൂർ"


മാഷു കുറച്ചുനേരം മൗനമായി നിന്നു. പിന്നെ എന്റെ നേരെ കൈ നിട്ടി ഇറങ്ങാൻ സമയമായി എന്നർത്ഥത്തിൽ. ആ കൈ പിടിച്ചു ഞാൻ പതുക്കെ മലയിറങ്ങാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മാഷ്‌ പതുക്കെ ചോല്ലാൻ തുടങ്ങി.

" വരവൂരൊരുത്തനുണ്ടായിരുന്നു
ചെലവൂരൊരുത്തിയുണ്ടായിരുന്നു
വരവൂരൊരുത്തനും ചെലവൂരൊരുത്തിയും
കൂടി ചേർന്നപ്പോൾ
വരവ്‌ എല്ലാം ചെലവായി മാറി"


ഈയുള്ളവനു കേൾക്കാൻ മാത്രമായി.


തിരിച്ചു താഴെയെത്തിയപ്പോൾ മാഷുടെ ഒരു ബന്ധുവും കാർ ഡ്രൈവറും മാഷെ കാത്തു നിന്നിരുന്നു. കാറിൽ കയറി പോവാൻ നേരത്തു മാഷ്‌ തോൾസഞ്ചിയിൽ നിന്നു കുറച്ചു കത്തുകൾ എടുത്തു തന്നു.
"മാത്യഭുമിയിലെ ബാലപംക്തിയിലേക്കു കുട്ടികൾ അയച്ചു തന്നവയിൽ നിന്നുള്ളതാണു. ചില തിരുത്തലുകളും മറുപടികളുമാണു. പോസ്റ്റു ചെയ്യാൻ സമയം കിട്ടിയില്ല മറക്കാതെ പോസ്റ്റ്‌ ചെയ്യണം"

*******************

മാഷു കടന്നു പോയി... കുട്ടികളെയും വലിയവരെയും തനിച്ചാക്കി. ഭാവിയിൽ ഇനിയോരു കുഞ്ഞുണ്ണി മാഷുടെ അനുഗ്രഹവും ഉപദേശവും കിട്ടാൻ നമ്മുടെ കുട്ടികൾക്കും കേരളത്തിനു ഭാഗ്യമുണ്ടാവുമോ എന്ന് എനിക്കറിയില്ലാ.

"പൊക്കമില്ലായ്മയാണന്റെ പൊക്കം" എന്നു ചൊല്ലിത്തന്ന മാഷെ, അങ്ങ്‌ ഞങ്ങളുടെ മനസ്സിൽ ഒരുപാട്‌ ഒരുപാട്‌ പൊക്കത്തിലാണു. ഇരുനിലക്കോട്‌ മാനമുട്ടെ ആടിതിമർക്കുന്ന നിലകാവടികളെക്കാൾ, മലമുകളിലുള്ള സന്യാസിഗുഹകളെക്കാൾ ഉയരത്തിലാണു ലാളിത്യം കൊണ്ടു ഭസ്മക്കുറിയിട്ട അങ്ങയുടെ രുപം നാളെന്റെ ഉണ്ണി ഇംഗ്ലിഷ്‌ മീഡിയം സ്ക്കുളിലെ നഴ്സറി ഗാനങ്ങൾ ആലപിക്കുന്നതിനുമുബ്‌ അങ്ങയുടെ കുഞ്ഞുകവിതകൾ കൊണ്ട്‌ ഹരിശ്രി കുറിക്കണമെന്നു ഈയുള്ളവൻ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട്‌ നിറുത്തുന്നു.

മാഷെ മാഷെ കുഞ്ഞുണ്ണിമാഷെ
ജീവിച്ചിരുന്നപ്പോൾ എന്തിഷ്ടായ്‌
മറഞ്ഞു കഴിഞ്ഞപ്പോൾ കഷ്ടായ്‌

" ഠായ്‌ ഠായ്‌ മിഠായ്‌
വായിലിട്ടപ്പോൾ ഇഷ്ടായ്‌
കഴിച്ചു കഴിഞ്ഞപ്പോൾ കഷ്ടായ്‌ " (കുഞ്ഞുണ്ണി മാഷ്‌)