Monday, December 22

എന്റെ മുംതാസ്‌


മെയ് ഫ്ലവര്‍ മരങ്ങളുടെ തണല്‍ വീണുകിടക്കുന്ന, കോളേജിലേക്കുള്ള വഴിയില്‍, പൊട്ടിപൊളിഞ്ഞ പഴയ സിമെന്റു ബഞ്ചിന്റെ അരികില്‍ വെച്ചു, അയാളുടെ കയ്യിലേക്കു പ്രേമലേഖനം നീട്ടുന്നതൊടൊപ്പം പതിവിനു വിപരീതമായി അവള്‍ ഒരു സ്വകാര്യം കുടി പറഞ്ഞു. "അതേയ്‌... നാളെ ഞാന്‍ വരില്ലാ, എന്നെ പെണ്ണു കാണാനായി ഒരു പാട്ടാളക്കാരന്‍ വരുന്നുണ്ട്‌. ജാതകവും, മറ്റു എല്ലാ കാര്യങ്ങളും ചേരുന്നൂന്നാ അമ്മാവന്‍ പറഞ്ഞേ... അവര്‍ക്കു കല്യാണം അയാളുടെ ഈ ലീവില്‍ തന്നെ നടത്താന്നാ പരിപാടി... അങ്ങനെയാവുപ്പോൾ ...." വാക്കുകള്‍ മുഴിമിപ്പിക്കാതെ, അയാളുടെ മുന്‍പില്‍, കാലിലെ പെരുവിരല്‍ കൊണ്ടു ഒരു അര്‍ദ്ധവൃത്തം വരച്ചു വെച്ചിട്ടു, ഒരിക്കല്‍പ്പോലും തിരിഞ്ഞുനോക്കാതെ കോളേജിലേക്കുള്ള തിരക്കില്‍ മറഞ്ഞു.

തികഞ്ഞ ശാന്തതയോടെ അയാള്‍ അവളുടെ അവസ്സാനത്തെ പ്രേമലേഖനം തുറന്നു വായിച്ചു. "കനവിലും നിനവിലും, കണ്ണിലും കരളിലും സ്നേഹത്തിന്റ നിറകുടമായ, എന്റേതുമാത്രമായ പ്രിയ ..." പിന്നീടു, ചത്ത പ്രേമത്തിന്റെ ജാതകം വായിക്കണ്ടാ എന്നു കരുതി അയാള്‍ വായന നിറുത്തി കത്തു ചുരുട്ടിമടക്കിയെറിഞ്ഞു.

ഇനി എന്തു ചെയ്യുമെന്നറിയാതെ നില്‍ക്കുന്ന അയാള്‍കു കുറുകെ ഏതോ വഴിയാത്രക്കാര്‍ പിറുപിറുത്തുകൊണ്ടു കടന്നു പോയി " എട്ടരക്കുള്ളെ ബസ്സ്‌ പോയാല്‍ ഒബതരക്കുള്ള ബസ്സ്‌ കിട്ടും" അതേ, അയാളും അങ്ങിനെ ചിന്തിച്ചു.

ഡിഗ്രീയുടെ ഫസ്റ്റ്‌ ബാച്ചല്ലേ പോയുള്ളു. സെക്കന്റ്‌ ബാച്ചിലേക്കുള്ള കുട്ടികള്‍ വരാന്‍ ഇരിക്കുന്നതേയുള്ളു. പുതിയ ഒരു കാമുകിയെ കണ്ടെത്താം. എതിരെ കടന്നു പോകുന്ന ഒരോരുത്തരുടെയും മുഖത്തേക്കു അയാള്‍ മാറി മാറി നോക്കി. തനിക്കെതിരെ കണ്ണറിയുന്ന ആരെക്കിലും... നീണ്ട ശ്രമത്തിനു ശേഷം ഒന്നു രണ്ടു മുഖങ്ങള്‍ അയാള്‍ കണ്ടെത്തുക തന്നെ ചെയ്തു. ഇനി ഇങ്ങിനെ രണ്ടു ദിവസം അവര്‍ക്കു വേണ്ടി കാത്തിരിക്കണം, പിന്നെ പതുക്കെ പതുക്കെ... ദിവസങ്ങള്‍ക്കുള്ളില്‍ അയാള്‍ തന്റെ ശ്രമത്തിനു ഫലം കണ്ടെത്തിക്കഴിഞ്ഞിരുന്നു, അവര്‍ക്കു കൊടുക്കാനുള്ള പ്രേമലേഖനവുമായി പൊട്ടിപ്പൊളിഞ്ഞ ആ പഴയ സിമെന്റുബഞ്ചിന്റെ അരികില്‍ കാത്തു നില്‍ക്കുമ്പൊഴായിരുന്നു അയാളെ ആകെ അതിശയിപ്പിച്ചു കൊണ്ടു അയാളുടെ പഴയ കാമുകി ഒരു കൊളിനോസ്‌ പുഞ്ചിരിയോടെ നടന്നുവന്നതു.

തത്രപ്പാടോടെ മറ്റു പ്രേമലേഖനങ്ങള്‍ ജീന്‍സ്സിന്റെ പോക്കറ്റില്‍ കുത്തിനിറച്ചു, മുഖത്തേക്കു വിരഹദുഃഖത്തിന്റെ പൊയ്മുഖം വലിച്ചുകേറ്റി നിൽക്കുപ്പോൾ, അവള്‍ അയാളുടെ കയ്യിലേക്കു മറ്റൊരു പ്രേമലേഖനം കുടെ വച്ചു കൊടുത്തിട്ടു ഒരു സ്വകാര്യം കൂടി പറഞ്ഞു. "അതേയ്‌ ആ കല്യാണാലോചന കൂളമായി നമുക്കു വീണ്ടൂ തുടങ്ങാം" അയാളുടെ വിളറിയ മുഖത്തു പതുക്കെ ഒന്നു നുളിയിട്ടു, ശരീര ഭാഗങ്ങള്‍ നന്നായി കുണുക്കി , അയാള്‍ക്കു നേരെ ഒരുപാടു തവണ തിരിഞ്ഞു നോക്കിക്കൊണ്ട്‌ അവള്‍ കോളേജിലേക്കുള്ള വഴിയിലൂടെ നടന്നു. അയാള്‍ ആ പ്രേമലേഖനം തുറന്നു വായിച്ചു "കനവിലും നിനവിലും, കണ്ണിലും കരളിലും സ്നേഹത്തിന്റ നിറകുടമായ....." പിന്നെ യാന്ത്രികമെന്നോണം അയാള്‍ ആ ദിവ്യപ്രേമത്തിനു പുറകെ നടന്നു.

അപ്പോള്‍, യാത്രയില്‍ നിന്നു പോയ എതോ ഒരു വണ്ടി വീണ്ടും സ്റ്റാര്‍ട്ടാക്കികൊണ്ടു അയാള്‍ക്കു കുറുകെ കടന്നുപോയി.( എന്റെ മുംതാസ്‌ : പിന്നെയും പോയിരുന്നല്ലോ നീ ....... എന്നോട്‌ യാത്ര പറഞ്ഞ്‌ പെണുകാണാൻ ആളു വരുന്നുണ്ടെന്നു പറഞ്ഞു ...... കല്യാണം കഴിഞ്ഞോ ..... സുഖമല്ലേ..... )

Thursday, November 13

വെറുതെ ഒരു അമ്മ


അമ്മയ്ക്ക്‌ വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു, ശരീര ഭാഗത്തെ പല മുറിവുകളിൽ നിന്നു ചോരയോടൊപ്പം, പുഴുക്കളും അരിച്ചിറങ്ങുന്നുണ്ടായിരുന്നു, ചുട്ട്‌ പൊള്ളുന്ന പനിയിൽ ശരീരം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു, ഒരു പുതപ്പെടുത്തു ആരെങ്കിലും ഒന്നു പുതപ്പിച്ചെങ്കിൽ എന്നു അമ്മ വെറുതെ ആഗ്രഹിച്ചിരുന്നു, എല്ലിച്ച ശരിരത്തിൽ ശ്വാസം പോലും കയറിയിറങ്ങാൻ മടിച്ചിരുന്നു, ദേഹാസ്വസ്ഥതയിലും ഒറ്റപ്പെടലിലും പിന്നെ വിശപ്പിലും ദാഹത്തിലും അമ്മയുടെ കണ്ണുകൾ തലക്കുള്ളിലോള്ളം ആഴ്‌ന്നിറങ്ങികഴിഞ്ഞിരുന്നു. ഇനിയും മറയാത്ത പ്രജ്ഞയിൽ അമ്മ തന്റെ മകനും കുടുംബവും ആ വീട്ടിൽ എവിടെയൊക്കെയോ ഉണ്ടെന്ന് തിരിച്ചറിഞ്ഞിരിന്നു, കുടാതെ ഒരു മനുഷ്യജന്മത്തിനും രണ്ടു ദിവസത്തിലൊരിക്കലെങ്കിലും ദാഹിക്കുമെന്നും ആഴ്ചയിൽ ഒരിക്കലെക്കിലും വിശക്കുമെന്നു മനസ്സിലാക്കാനുള്ള കഴിവ്‌ അവർക്കുണ്ടെന്നു അമ്മയ്ക്കു അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അമ്മ ആരെയും ആവശ്യങ്ങൾക്കായി വിളിച്ചിരുന്നില്ലാ അമ്മക്കു വാശിയായിരുന്നു....


മദേർസ്സ്‌ ഡേ എന്നു അക്കമിട്ട കലണ്ടറിന്നു താഴെ തീൻ മേശയിൽ മകനും കുടുംബവും പിന്നെ കുറച്ചു ബന്ധുക്കളും. വീട്ടിൽ പുതിയ നായയെ വാങ്ങിയതിന്റെ പാർട്ടി അഘോഷിക്കുകയാണു, ഭക്ഷണത്തിനുമേൽ ഭക്ഷണം കുത്തിനിറക്കുന്നതുകൊണ്ടായിരിക്കണം അവർ ഇടക്കിടെ ചുമച്ചുകൊണ്ടിരിന്നു.


മകന്റെ ഇടക്കിടെയുള്ള ചുമ കേട്ടിട്ടായിരിക്കണം അമയുടെ മനസ്സിൽ മകനെ കുറിച്ചുള്ള വേവലാതി ഉണ്ടായത്‌. പിന്നീടെപ്പോഴോ മകൻ നിറുത്താതെ കുത്തി കുത്തി ചുമച്ചപ്പോൾ ഉണങ്ങി വരണ്ട ശരിരത്തിൽ നിന്നു ഒരിക്കലും വറ്റാത്ത മാതൃത്യം ആകുലതയോടെ ഞെട്ടിപിടഞ്ഞു.. ആർക്കു വേണ്ടാത്തതായതു കൊണ്ടു ഉപേക്ഷീച്ച ശബ്ദം ഒരു ആർത്ത നാദമായി പിടഞ്ഞുവീണു.


കണ്ണാ... സൂക്ഷിച്ച്‌.. തൊണ്ടയിൽ കുടുങ്ങണ്ടാ....


ഞാൻ സുക്ഷിച്ചോള്ളാം അമ്മേ... മറുപടി പറയുപ്പോൾ മകന്റെ തല അഭിമാനംകൊണ്ടു ഉയർന്നുനിന്നിരുന്നു. ഇത്രയും പരിക്ഷീണിതയായിട്ടും മകനോടുള്ള അമ്മയുടെ സ്നേഹത്തിന്റെ തിവ്രതയിൽ മകൻ അഹങ്കാരത്തോടെ നിവർന്നുനിന്നു. പിന്നീട്‌ ഫൈവ്‌ സ്റ്റാർ ഹോട്ടലിൽ നിന്നു വാങ്ങിച്ച വില പിടിപ്പുള്ള ഭക്ഷണം അയാൾ പുതുതായി വാങ്ങിയ നായയുടെ വായിൽ കുത്തി തിരുകാൻ തുടങ്ങി.(പണ്ട്‌ പുഴ മാഗസ്സീനിൽ പ്രസിദ്ധിക്കരിച്ച എന്റെ ഒരു കഥ ഞാൻ ഇവിടെ വീണ്ടു പോസ്റ്റ്‌ ചെയ്യുന്നു)

Monday, October 13

രക്ഷസ്സിന്റെ തറ

തറവാട്ടുവളപ്പിൽ വടക്കേ അറ്റത്ത്‌, വെട്ടുകല്ലുകൾ ഇളകി, അതിരുകൾ തകർന്ന്, കരിയിലകളാൽ മൂടി, മൺപുറ്റുകൾ ഉയർന്ന്, ഉറുബും, ചെറുപ്രാണികളും നിറഞ്ഞ്‌, ഒറ്റപ്പെട്ട ഒരു മൺ തിട്ട്‌. അതിൽ പ്രത്യകിച്ച്‌ ഒരു രുപവുമില്ലാത്ത, പച്ചപ്പുപിടിച്ച ഒരു കരിക്കൽ പ്രതിമ. അതിനെ പകുതിയോളം മറച്ചു പടർന്നു നിൽക്കുന്ന ഒരു തെച്ചി മരം.

മുക്കാൽ ഭാഗത്തോളം ആഫ്രിക്കൻ പായൽ കവർന്നെടുത്ത, പകുതിമാത്രം തെളിഞ്ഞ വെള്ളമുള്ള അബലകുളത്തിൽ, ഒന്നു മുങ്ങി നിവർന്ന്. ശ്രീകോവിൽ ചിതലെടുത്തു തുടങ്ങിയ, കൽ വിളക്കിൽ ഒരു തിരി മാത്രം തെളിയാറുള്ള, തേവരുടെ അബലത്തിൽ തൊഴുത്‌. കുടവയറൻ നബൂതിരി എറിഞ്ഞു തന്ന പ്രസാദം നെറ്റിയിലും, തുളസിക്കതിർ ചെവിയിലും തിരുകി. വയൽ വരബിലൂടെ അവളുടെ കൈയും പിടിച്ച്‌ ഒരോട്ടം.

തോട്ടുവക്കിൽ ഉയർന്നു നിൽക്കുന്ന കൈതോലകളുടെ ഇടയിലൂടെ, ബാക്കിയായ വെള്ളത്തിൽ ചെറുമൽസ്യങ്ങളെ കൊത്തിതിനുന്ന കൊറ്റികളെ പറത്തിവിട്ട്‌. തഴുതാമയും,തിരുതാളിയും,ആടലോടവും നിറഞ്ഞുനിൽക്കുന്ന വേലിപടർപ്പിനിടയില്ലുടെ, അവളോടോപ്പം, രക്ഷസ്സിന്റെ തറയുടെ പിന്നിലെ തെച്ചിമരത്തിന്റെ താഴേക്ക്‌, ഉയർന്നു താഴുന്ന നെഞ്ചിടിപ്പോടെ, ഒരു മിന്നായം പോലെ..

അകലെ പടിഞ്ഞാറൻ കുന്നിന്റെ ചായ്‌വിൽ സുര്യൻ അപ്പോൾ പകുതി മറയാൻ തുടങ്ങുകയാവും. വിരിഞ്ഞു തുടങ്ങുന്ന രാത്രി പുഷ്പങ്ങളുടെ സുഗന്ധം അവിടെ നിറഞ്ഞു തുടങ്ങിയിടുണ്ടാവും. ഇരുൾ വീണു തുടങ്ങുന്ന പറബിലും, തെച്ചി മരത്തിനു മുകളിലെ തൂക്കണാം കിളിയുടെ കൂട്ടിലേക്കും നോക്കി, അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ എത്തും. അപ്പോഴക്കും അവളുടെ കാൽപാദത്തിൽ നിന്നു പാദസ്വരങ്ങളെ തഴുകികൊണ്ട്ന്റെ കൈ മുട്ടോള്ളം മാത്രമുള്ള അവളുടെ പാവാട കടന്ന് മുകളിലേക്ക്‌ കയറുന്നുണ്ടാവും. ഈറൻ മാറാത്ത വിടർത്തിയിട്ട മുടിയിഴകളിൽ നിന്ന് അവളുടെ കണ്ണിലുടെ, കവിളിളുടെ, കഴുത്തിലുടെ, സഞ്ചരിച്ച്‌ ചുണ്ടുകൾ അവളുടെ മാറിടത്തിലെത്തിയുട്ടുണ്ടാവും. നന്നുത്ത പൊക്കിൾകൊടിയിൽ നിന്നു തുടങ്ങി നിമനോനതങ്ങൾ തേടി കൈകൾ അതിവേഗം ചലിച്ചുകൊണ്ടിരിക്കും. ഒടുവിൽ വാടിയ ആബൽ പൂവുപോൽ നെഞ്ചിലെക്ക്ത്തുന്ന അവളെയും കൊണ്ട്‌ തെച്ചിമരത്തിനു താഴെയുള്ള കരിയിലകളിൽ അമരും.

മുകളിലെ കൂട്ടിൽ ശ്വാസം അടക്കി പിടിച്ച്‌ തൂക്കണാം കിളികൾ മോബൈയിൽ ക്യാമറ ഓൺ ചെയ്തിട്ടുണ്ടാവും. റെക്കോർഡ്‌ ചെയ്തു ബ്ലു ടുത്തിലുടെ ഫയ്ല ട്രാൻസ്സ്ഫർ ചെയ്യാൻ.

കോടമഞ്ഞു വീഴാൻ തുടങ്ങുന്ന നാട്ടുവഴിയിലുടെ, കൈതോലകളുടെ സുഗന്ധം പരത്തുന്ന കാറ്റിൽ, എതിരെ വരുന്ന കാൽപെരുമാറ്റങ്ങളിൽ ഭയന്ന് പതുങ്ങി പതുങ്ങി. അവളെ വീട്ടിൽ കൊണ്ടുചെന്നാക്കും. അകത്തേക്കു പേടിച്ചു പേടിച്ചു നടന്നു കയറി, കാലും മുഖവും കഴുകി, ഹോംവർക്കിനുള്ള പുസ്തക്കങ്ങളുമായി, ഉമറത്തു കത്തിച്ചു വെച്ച നിലവിളക്കിനു മുൻപിൽ, നാമം ജപിച്ചിരിക്കുന്ന മുത്തശ്ശിക്കു പിന്നിൽ, അവൾ എത്തുനതു വരെ ആ വീടിന്റെ പടിപ്പുരയിൽ തന്നെ പതുങ്ങി നിൽക്കും.

അപ്പോഴേക്കും കായ്ക്കറി കണ്ടം കടന്ന് മുത്തശ്ശന്റെ വിളി ഉയർന്നിട്ടുണ്ടാവും, കയ്യിൽ ഒരു നുള്ളു ഭസ്മവുമായി എന്റെ നെറ്റിയിൽ തൊടാൻ കാത്തിരിക്കുന്ന മുത്ത്ശ്ശനെ ഭയന്ന് വീട്ടിലേക്കു അതിവേഗം പായും. കാൽമുട്ടിലും കൈമുട്ടിലും പൊടിഞ്ഞു വന്ന ചെറിയ മുറിവുകളിൽ മഞ്ഞ്‌ അപ്പോൾ നിറ്റലുകളുണ്ടാക്കാൻ തുടങ്ങിയിട്ടുണ്ടാവും.

Saturday, October 4

നോട്ടം


വെളുത്ത കണ്ണിൽ നിന്നു
കുറെ കറുത്ത നോട്ടങ്ങൾ
കണ്ണിൽ കൊള്ളാതെ
ഇന്ന് ന്റെ കരളിൽ കൊണ്ടു.

ഇപ്പോൾ

കുറെ മാഞ്ഞു പോയ നിലാവും
കുറെ മാഞ്ഞു പോയ കിനാവും
കുറെ നേർന്നുപോയ പുഴയും
കുറെയേറെ മണൽപരപ്പും
വിളറിവെളുത്ത ആകാശവും
ഒരു ഏക താരവും
പിന്നെ ഈ ഞാനും
മാത്രം

Wednesday, October 1

നീ എന്നെക്കൂടി


പിരിയുന്ന നേരത്ത്‌
നിറയുമീ കണ്ണിൽ നിന്നു
അടരുന്ന സ്‌ നേഹം
നിലവിട്ടു പോകരുതു
നീ എന്നെക്കൂടി തളർത്തരുത്‌


ആശ്വാസമേകാനായി
നെഞ്ചോടു ചേർക്കുപ്പോൾ
അകന്നു മാറാതെ
അമർന്നു പോവരുതു
നീ എന്നെക്കൂടി തളർത്തരുത്‌


കാണാൻ കൊതിച്ചു
കണ്ണുകൾ പരതുപ്പോൾ
കനവിലെങ്കിലും
കാണാമറയത്താവരുതു
നീ എന്നെക്കൂടി തളർത്തരുത്‌


വിട പറഞ്ഞൊരാ വഴിയിൽനിന്നു
വിട പറഞ്ഞൊരാ നിമിഷത്തിൽനിന്നു
വിങ്ങുന്നോരു ഹൃദ്ദുമായി നീ എന്നോടോപ്പം
ഈ പ്രാവാസക്കാലം താണ്ടരുതു
നീ എന്നെക്കൂടി തളർത്തരുത്‌

Saturday, September 20

മഴയൊന്നു പെയ്തക്കിലെന്ന്


കാറ്റിനോടോപ്പം എത്തിയ മഴ കാറ്റാടി മരത്തിന്റെ ചില്ലകളിൽ ചാഞ്ചാടി കളിച്ചു.... പറന്നു വന്ന് മര ചിലയിൽ ഇരുന്ന മഞ്ഞകിളിയെ ആടിയുലച്ചു പറത്തിവിട്ടു..... പൂമരത്തിന്റെയും മാവിന്റെയും ചില്ലകളെ തമ്മിലുരസി കിന്നരിപ്പിച്ചു..... സ്ക്കുളിലെ നവാഗതരായ ഞങ്ങളുടെ മേൽ ജനലിലുടെ മഴ തുവലായും, മുകളിൽ നിന്നു ചോർച്ചയായും വീണു നനച്ചു.... ക്ലാസ്സിലേക്ക്‌ എത്തേണ്ട കുമാരൻ മാഷെ മഴ തുള്ളി കൊണ്ട്‌ സ്റ്റാഫു റുമിൽ തന്നെ തടഞ്ഞു നിറുത്തി..... സ്ക്കുൾ വിട്ട്‌ ‌ പോകുന്ന ഞങ്ങളുടെ കുടയെ കാറ്റിനെ കൊണ്ട്‌ മാടിവെച്ച്‌ പുത്തൻ ഉടുപ്പും പുസ്തകങ്ങളും വെള്ളത്താൽ ആറാടിപ്പിച്ചു...... നാട്ടു വഴിയിലെ കുഴിയേത്‌, വഴിയേത്‌, എന്നറിയാതെ ഞങ്ങളെ പറ്റിച്ചു.... മുറിച്ചു കടക്കേണ്ട ചെറു ചാലുകളെ കുത്തിയൊലിപ്പിച്ചു പേടിപെടുത്തി.... വരബുകളിൽ വഴുക്കലുണ്ടാക്കി.... പച്ച നെൽപാടങ്ങളിലെ നെലോലകളെ കൊണ്ട്‌ കാൽ വെള്ളയിൽ കീറലുണ്ടാക്കി.... പാദരക്ഷകളിൽ നിന്ന് ചെളിയുടെ പൂത്തിരിയുണ്ടാക്കി.... വീട്ടിൽ ചെന്നുകയറിയ ഞങ്ങൾക്ക്‌, പുത്തൻ ഉടുപ്പും പുസ്തകങ്ങളു നനച്ചതിനും വഴിയിൽ വീണുപോയതിനുമുള്ള ചുരൽകഷായമേകുമാറാക്കി..... രാത്രിയിലുറക്കത്തിൽ ജനലിലുടെ ഇടിമിന്നലായി.... പേടിപെടുത്തുന്ന ഇടിമുഴക്കമായി.

എന്നിട്ടും പിറ്റേന്ന് സ്ക്കുളിൽ പോകുപ്പോൾ ഞങ്ങളൊക്കെ കൊതിച്ചു നീ ഒന്നു വന്നക്കിലെന്ന്

മഴയൊന്നു പെയ്തക്കിലെന്ന്

Friday, September 12

അറിയാതിരിക്കാൻ ആവാത്തത്‌


ചിലതൊക്കെ അറിയാതെ പോകുന്നു, ചിലതൊക്കെ അറിഞ്ഞിട്ടു അറിയാതെ പോകുന്നു, പക്ഷെ ..... ചിലതു അറിയാതെ പൊകുന്നേയില്ലാ, അറിഞ്ഞിട്ടു അറിയാത്ത പോലെ ആവുന്നേയില്ലാ എന്തെക്കിലും മൊക്കെ ചെയ്യണം ... അബലത്തിലെക്കിലും ഒന്നു പോകണം.... ഭാര്യയും കുഞ്ഞുമൊരിടത്ത്‌.... അച്ചനും അമ്മയും മറ്റൊരിടെത്ത്‌.... കൂടെ പിറപ്പു വേറെരിടത്തു.... അങ്ങു നാട്ടിൽ അലാതെ ഞാനും .... ഇന്നു ഓണമാണു.... തിരുവോണം
വേദനയാവാതെ.... നല്ല ഓർമ്മകളൊടെ ആഘോഷിക്കണം ....

കാക്കയുടെ കാലിൽകെട്ടി പൊതിചോറു കൊടുത്തയ്ക്കാമെന്നു മോൻ പറഞ്ഞിട്ടുണ്ട്‌....

കാത്തിരിക്കാം.... നാലുക്കുട്ടം കറികളും കുറച്ചു കണ്ണിരും ചേർത്തു കഴിക്കണം ... ഓണ സദ്യാ

എല്ലാ പ്രവാസികൾക്കും ഓണാശംസകൾ

Thursday, September 11

ജീവിതത്തിന്റെ കയ്യക്ഷരം


മനസ്സ്‌ ഒരു നാലുവര കോപ്പി
മറവിയാൽ മായ്ച്ചു കളഞ്ഞതും
ഓർത്ത്‌ ഓർത്ത്‌ നിറപിടിപ്പിച്ചതുമായ
കുറെ അക്ഷരങ്ങൾ

അതിൽ നാലുവരിയിൽ തൊട്ടും
രണ്ടുവരിയിൽ മാത്രം ഒതുങ്ങിയതുമായ
ചില അക്ഷരങ്ങളിൽ
ഞാൻ നിന്റെ പേരു വായിച്ചും

ഇന്ന് കുറെയേറെ മറന്നും.
ഓർത്തോർത്ത്‌ പശ്ചാതപിച്ചും
വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയും
ജീവിതത്തിന്റെ കയ്യക്ഷരം
ഞാൻ ഇപ്പോൾ നന്നാക്കിയിട്ടുണ്ട്‌

നീ തിരിച്ചുവരുന്നെക്കിൽ

വഴിപിഴച്ചുപോയ കുറെയേറെ
അക്ഷരങ്ങൾ ഇനിയും ബാക്കിയുണ്ട്‌
കൈചേർത്തുപിടിച്ചൊന്നു എഴുതാൻ

Tuesday, September 9

കർത്തവ്യം


കാലം. മുറിച്ചുമാറ്റിയ പൊക്കിൾ കൊടി
മുലപ്പാലും വാൽസല്യവും ഊട്ടി
പിന്നെയും തീർത്തു നീ ഒരായിരം
ബന്ധനചരടുകളാൽ മാതൃത്ത്യം

കോരിച്ചൊരിയുന്ന മഴയത്ത്‌ നീ
എനിക്കൊരു നനയാത്ത ചിറക്‌
മരം കോച്ചുന്ന തണുപ്പത്ത്‌ എനിക്കു
തീ കായ്യാൻ നിന്റെ നെഞ്ചിന്റെ നെരിപ്പോട്‌

അന്തിക്ക്‌ കഞ്ഞിയിൽനിന്നു ഊറ്റിയ വറ്റ്‌ എനിക്ക്‌
വെള്ളം മാത്രം നിനക്ക്‌ നിന്റെ വരണ്ട ഞരബുകളിലെ
സ്നേഹം നിലക്കാതിരിക്കാൻ

ഓണവും വിഷുസംക്രാന്തിയും ഞാൻ മാത്രമറിഞ്ഞു
നിനക്കെന്റെ സന്തോഷമായിരുന്നു എല്ലാം

ഒടുവിൽ. . . .

മകന്റെ കൈക്കു കഞ്ഞിക്കു കരുത്തായി
എന്നു നീ കനവു കണ്ടതിന്റെ പിറ്റേന്ന്

ഒരു വിലകുറഞ്ഞ പ്രേമത്തിന്റെ
കിട്ടാ കടത്തിനു ഇരയായി

തൊടിയിലെ കന്നിപൂത്ത തൈമാവിന്റെ
കൊബിൽ ഞാൻ തൂങ്ങിയാടി
നിനക്കു ജീവിത കനിയായി

* * *

മക്കളും മാമ്പൂവും ഒരുപോലെയാണു
വെറുമൊരു കാറ്റിൽ ചിലപ്പോൾ കൊഴിഞ്ഞുപോവും
മോഹിച്ചുപോയ നീ എത്ര വിഡ്ഡി


(അന്ന് വരവൂർ ഹൈ സ്കുളിന്റെ എട്ടാം ക്ലാസ്സ്‌ മുറികളുടെ നിരയിലൊന്നിൽ പതിനേഴു വയസ്സു മാത്രം പ്രായമുള്ള ഒരു ആൺകുട്ടി തൂങ്ങിമരിച്ചും. സ്കുൾ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളോട്‌ കിഴക്കുട്ടുകാരുടെ പറമ്പിനു മുളവേലി കെട്ടുന്ന പണിക്കാരാ പറഞ്ഞത്‌ വെക്കേഷനുപൂട്ടിയ സ്കുളിന്റുള്ളിൽ പോലിസുക്കാരത്തിയുട്ടുണ്ടെന്ന് ചെന്നു നോക്കുപ്പോൾ സ്കുൾ മുറിയിലെ കഴുക്കോലിലൊന്നിൽ തുങ്ങിനിൽക്കുന്നു ....

അവിടെയെത്തി നെഞ്ചുപൊട്ടി കരഞ്ഞ അസ്ഥിമാത്രമായ ഒരു രൂപം അവർ പറഞ്ഞു കരഞ്ഞ ചില വാക്കുകൾ " കിട്ടുന്ന കഞ്ഞിയിൽ നിന്നു വറ്റ്‌ ഊറ്റിയെടുത്തു വളർത്തിയതാ വയസ്സാക്കാലത്തു ഒരു തണലാവുലോന്നു കരുതി ഇനി എനിക്കു ആരാ... ന്റെ... ഇശ്വരാ "

തിരിച്ചു ഗ്രൗണ്ടിലെത്തി കളിതുടരാവാനാതെ ഇരുന്ന ഞങ്ങളൊക്കെ ഒരുപോലെ ചിന്തിച്ചു " അനാഥമായ ആ അമ്മയോടുള്ള മകന്റെ കർത്തവ്യത്തെ കുറിച്ചു " )

Monday, September 1

നോവാതിരിക്കാൻ


പിരിയാം നമുക്കിനി
ഓർമ്മകൾ ബാക്കിയാക്കി
ഒരുവേള പോലും നോവാതിരിക്കാൻ
മറക്കാം എല്ലാം മറക്കാം

മടങ്ങി പോവുകാ നീ വന്ന വഴിയേ
ഒരു മാത്രപോലും മനസ്സിലുണരാതെ
മറഞ്ഞേ പോവുകാ

കടകണ്ണിൽ ഒരു നോട്ടം കരുതിവെച്ചു
വഴി കണ്ണു മായി കാത്തിരിക്കാതിരിക്കുക
കനലെരിയും മനസ്സിൽ നിന്നറിയുക
അകന്നുപോകുന്നതിലാണു അർത്ഥം

നിനക്കായി ഹോമിക്കാൻ
ഇനി ഒന്നും ബാക്കിയിലെന്നറിയുക
നടക്കാൻ അനുവദിക്കുക
പുഴയൊഴുക്കു വഴിയിലൂടെക്കിലും

ഉറവ തേടിചെല്ലാൻ മോഹമില്ലെന്നാകില്ലും

Sunday, August 24

യാത്രാമൊഴി


വഴിയിലൊരു മരം
ഇലകളില്ലാതെ
പൂക്കൾക്കു മാത്രമായി

ഹൃത്തിലൊരു നൊബരം
ആരുമറിയാതെ
മുഖത്തു പടർന്ന ചിരിയായി

കവിളിലെ കണ്ണുനീർ ചാലുകൾ
കടംകഥകളെക്കാൾ
സമസ്യകളായി

എഴുതിയവ മായിച്ചു വലിച്ചെറിഞ്ഞ
കല്ലു പെൻസ്സിലിന്റെ കഥ
കാണാമറയത്തൊരു കനലായി

കൊഴിഞ്ഞു വീഴാൻ ഇനി കോൺഗ്രീറ്റു പ്രതലം
പൂവിനൊരു അവസാന മോഹം
അലിഞ്ഞു ചേരാൻ ഒരിത്തിരി മണ്ണു

കാത്തുവച്ചൊരു കനവു പാത്രം
തിരികെ വരാത്തൊരു മാബഴ ക്കാലം
കാൽതട്ടി മുറിഞ്ഞ നിഴലിന്റെ ഹൃദയം
മടക്ക യാത്രക്കൊരുങ്ങുകയാണു ഞാൻ

Thursday, August 21

ഓര്‍മ്മക്കുറിപ്പ്‌


മറക്കാനാവില്ല സതീര്‍ത്ഥ്യാ
എനിക്കും, ഈ മലമടക്കുകള്‍ക്കും
നാളെ പുലരിയിലുണരുന്ന കിളികള്‍ക്കും.
അത്രമേല്‍ പ്രിയമായിരുന്നു
നീ ഗ്രാമത്തിനും കുട്ടുകാര്‍ക്കും


ഇനിയീ മുറിവേറ്റ ഹൃദയങ്ങള്‍ക്കു നീ
നെഞ്ചിലൊരു പേരറിയാ നൊമ്പരം
കണ്ണിലൊരു നിറം മങ്ങാത്ത കാഴ്ച
പന്ഥാവില്‍ നിറയും ഏകാന്തത.
അത്യാസന്ന വാര്‍ഡിലെപ്പൊഴോ,
ഞങ്ങളാം കുട്ടുകാര്‍ തന്
‍കോട്ട മറികടന്നെത്തിയ മരണം.
സായാഹനങ്ങളിലിനി
കടമ്മനിട്ടക്കവിത കൊറിക്കാന്
‍മൈതാനങ്ങളില്‍പന്തുരുട്ടി പാഞ്ഞുകേറാന്
‍സുഹൃത്തുക്കളെ വിളക്കുന്ന
കണ്ണിയായിനി നീയുണ്ടാവില്ലലോ

പാലക്കല്‍ക്കാവില്‍
ഉത്സവം കൊടിയേറുകയാണ്‌,
ഈ വയലോരത്തു
ഭൂതനു തിറയും തുടികൊട്ടും ഉയരുകയാണ്‌.
നീയില്ലാതെ ഞങ്ങളൊരു കൊമ്പനെ
നെറ്റിപട്ടമേറ്റുകയാണ്‌.
തിടമ്പെഴുന്നെള്ളിക്കുകയാണ്‌.
ക്ഷമിക്കുക, പൊറുത്തുനല്‍കുക

[കവിതയെയും കഥയെയും സ്നേഹിച്ച അകാലത്തില്‍ പൊലിഞ്ഞുപോയ ഒരു സുഹൃത്തിന്റെ ഓര്‍മ്മക്കായി ]